പാറത്തോട് (കാഞ്ഞിരപ്പള്ളി): ഇന്‍ഫാം ദേശീയ അസംബ്ലിയും പരിസ്ഥിതി ദിനാഘോഷ സമാപനവും ഇന്നും നാളെയുമായി നടക്കും. ഇന്‍ഫാം ദേശീയ അസംബ്ലി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി ഏഴുവരെ പാറത്തോട് മലനാട് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ഇന്‍ഫാം ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളും അരുണാചല്‍പ്രദേശ്, ഒറീസ, മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്ര, തെലുങ്കാന, ഗോവ, കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള എക്സിക്യൂട്ടീവ് അംഗങ്ങളും കേരളത്തിലെ കാഞ്ഞിരപ്പള്ളി, ഇടുക്കി, ആലപ്പുഴ, ചങ്ങനാശേരി, തിരുവല്ല, കോതമംഗലം, മാവേലിക്കര, പാലാ, പാറശാല, പുനലൂര്‍, താമരശേരി, തലശേരി, കണ്ണൂര്‍ കാര്ഷികജില്ലകളില്നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.
ഓരോ സംസ്ഥാനത്തുനിന്നുമുള്ള കര്‍മപദ്ധതികള്‍ അതത് സംസ്ഥാനങ്ങളിലെ ഭാരവാഹികള്‍ അവതരിപ്പിക്കും. ഇന്‍ഫാമിന്റെ ജൂബിലി വര്‍ഷത്തില്‍ പ്രഖ്യാപിച്ച പഞ്ചവത്സര പദ്ധതി യോഗത്തില്‍ ദേശീയ ചെയര്മാന് വിശദീകരിക്കും.
സമ്മേളനത്തിനു മുന്നോടിയായി ഇന്‍ഫാം പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കേരളത്തിലെ വിവിധ കാര്‍ഷിക ജില്ലകളിലെ 25,000 ഇന്‍ഫാം കര്‍ഷക കുടുംബങ്ങള്‍ക്കു "ഫലഗ്രാമം' പദ്ധതിയിലൂടെ ഇമാം പസന്ത്, ബംഗനാപ്പള്ളി എന്നീ ഇനങ്ങളില്‍പ്പെട്ട അത്യുത്പാദനശേഷിയുള്ള മികച്ചയിനം മാവിന്‍തൈകള്‍ നല്‍കുന്നതിന്റെ ഫ്ലാഗ്ഓഫ് ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിക്കും.
ഒരു മാസം നീണ്ടു നിന്ന ഇന്‍ഫാം പരിസ്ഥിതിദിനാഘോഷങ്ങളുടെ സമാപനം നാളെ രാവിലെ 10ന് പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ നടക്കും. ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ അധ്യക്ഷതയില്‍ ഇന്‍ഫാം ഇടുക്കി കാര്‍ഷികജില്ലാ രക്ഷാധികാരി മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും.
ഇന്‍ഫാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള ഫലഗ്രാമ പദ്ധതികളുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ നിര്‍വഹിക്കും. ഫാ. തോമസ് മറ്റമുണ്ടയില്‍ മുഖ്യപ്രഭാഷണം നടത്തും. ഇന്‍ഫാം കേരള സംസ്ഥാന ഡയറക്ടർ ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, ഇന്‍ഫാം സ്റ്റേറ്റ് ഡയറക്ടര്‍ ജോസ് ഇടപ്പാട്ട്, ഇന്‍ഫാം നാഷണല്‍ ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് കാവനാടി, ഇന്‍ഫാം കേരള സ്റ്റേറ്റ് സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ, ഇന്‍ഫാം നാഷണല്‍ സെക്രട്ടറി മാത്യു മാമ്പറമ്പില്‍, ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലാ പ്രസിഡന്റ് തോമസ് തുപ്ലഞ്ഞിയില് എന്നിവര്‍ പ്രസംഗിക്കും.
യോഗത്തില്‍ അടുക്കളത്തോട്ട നിര്‍മാണത്തിനായി ഇന്‍ഫാം ആവിഷ്കരിച്ച വിത്തു കൊട്ട വിതരണം നടക്കും. ഈ പദ്ധതിയിലൂടെ ബീന്‍സ്, പയര്‍, ബീറ്റ്റൂട്ട്, വെണ്ട, പാവല്‍, കാരറ്റ്, മുരിങ്ങ, ചീര, തക്കാളി, കാബേജ്, കോളിഫ്ലവര്‍, വഴുതന, മുളക് എന്നിവയുടെ ഉത്പാദനക്ഷമതയുള്ള നാലു കോടിയില്‍പരം വിത്തുകള്‍ ഇന്‍ഫാം അംഗങ്ങളായ 25,000 കര്‍ഷകര്‍ക്ക് വിതരണം ചെയ്യും.